ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി

തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയില്‍നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ (പി.ഡബ്ല്യു.സി) സര്‍ക്കാര്‍ ഒഴിവാക്കി. കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്നാണ് പിഡബ്ല്യുസിയെ മാറ്റിയത്. സമയപരിധിക്കുള്ളില്‍ പദ്ധതിയുടെ കരട് രേഖ കമ്പനി സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നതിനെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്നും സെബി നിരോധിച്ച കമ്ബനിയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

ഇ മൊബിലിറ്റി സര്‍ക്കാരിന്റഎ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റഡ് എം പാനല്‍ ചെയ്തിട്ടുള്ള സ്ഥാപനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്കു നിര്‍ദേശിച്ചതു കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ആണെന്ന് സ്‌പേസ് പാര്‍ക്ക് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

error: Content is protected !!