പ്രതിസന്ധികള്‍ക്കിടയിലും നാടിനൊപ്പം നിന്ന സനേഷ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

കണ്ണൂര്‍: കാൻസർ ബാധിതനായി ചികിത്സയിലായിരുന്നപ്പോഴും തൻ്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായ സനേഷ് ഒടുവില്‍ രോഗത്തോട് പൊരുതി തോറ്റു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഏറെക്കാലമായി കാൻസർ ചികില്‍സയിലായിരുന്നു കണ്ണൂർ ചക്കരക്കൽ കണയന്നൂർ സ്വദേശിയായ കെ.പി.സനേഷ്. ഇന്നലെ രാത്രി ആശുപത്രിയില്‍ വെച്ചു മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം രാവിലെ 10.30 മുതൽ 1 മണി വരെ കണയന്നൂർ മുട്ടിലച്ചിറ പി ഭാസ്കരൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനത്തിനു വെച്ചു. ശേഷം ചെമ്പിലോട് ശാന്തി കുടീരത്തിൽ സംസ്‌കരിച്ചു.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ശവ സംസ്കാര ചടങ്ങ് നടത്തിയത്.

സാലറി ചലഞ്ചില്‍ തന്‍റെ ശമ്പളം നല്‍കിക്കൊണ്ട് സനേഷ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

ലോകമാകെ കൊവിഡ് – 19 എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്……. നമ്മുടെ കേരളവും അതിന്റെ ദുരിതമനുഭവിക്കുകയാണ്……. കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മറ്റ് എമർജൻസി വകുപ്പുകളുടെയും നിതാന്ത ജാഗ്രത ഒന്ന് കൊണ്ട് മാത്രമാണ് മഹാമാരി വ്യാപിക്കാതിരുന്നതും കൂടുതൽ മനുഷ്യ ജീവനുകൾ പൊലിയാതിരുന്നതും……..

ലോക്ഡൗൺ പ്രഖ്യാപിച്ചതോടു കൂടി സർവ്വ മേഖലയും സ്തംഭിച്ചിരിക്കുകയാണെന്ന് ആർക്കാണ് അറിയാത്തത്. സർക്കാരിന്റെ വരുമാന മാർഗ്ഗമെല്ലാം നിലച്ചു. ചിലവുകൾ മാത്രമായി…. ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും കേരളത്തിലെ എല്ലാ ജനങ്ങൾക്കും APL എന്നോBPL എന്നോ വത്യാസമില്ലാതെ ഭക്ഷണത്തിനുള്ള കിറ്റ് നൽകുകയും , ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ അന്നന്നത്തെ തൊഴിലെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയവർക്ക് തൊഴിലെടുക്കാനാവാത്ത അവസ്ഥയുണ്ടായപ്പൊൾ പര്യാപ്തമല്ലെങ്കിലും അവർക്ക് ധനസഹായം നൽകുന്നതും നാം കാണുന്നുണ്ടല്ലൊ….? ഇത്തരമൊരു സാഹചര്യത്തിലാണല്ലൊ സർക്കാർ…. സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ സാലറി ചലഞ്ചിന് അഭ്യർത്ഥിച്ചിരിക്കുന്നത്.

കഴിഞ്ഞ പ്രളയമുണ്ടായപ്പൊൾ മുഖ്യമന്ത്രി സാലറി ചലഞ്ച് മുന്നോട്ട് വെച്ചപ്പോൾ ആദ്യം തന്നെ വളരെ സന്തോഷത്തോടെ ചലഞ്ചിൽ പങ്കെടുത്തു…….

ഇപ്പൊഴത്തെ എന്റെ അവസ്ഥ എന്നെ അറിയുന്നവരോട് വിശദീകരിക്കേണ്ടതില്ലല്ലൊ…?
കഴിഞ്ഞ 5 മാസമായാ ചെറുതല്ലാത്ത അസുഖവുമായി ചികിത്സയിലാണ്…
ഇതു വരെ ഏകദേശം 8 ലക്ഷം രൂപ ചിലവായി കഴിഞ്ഞു… മാസം 2 ലക്ഷത്തി അറുപതിനായിരം രൂപയോളമാണ് ചികിത്സക്ക് വേണ്ടി വരുന്നത്. ഇത് എത്ര മാസത്തോളം നീളുമെന്ന് നിശ്ചയവുമില്ല……
എനിക്ക് ഒരു പ്രയാസമുണ്ടായപ്പൊൾ ഹൃദയത്തോട്ചേർത്ത് വെച്ച് സഹായിക്കുന്നത് സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും ഈ സമൂഹവുമാണ്……

ഇത്തരമൊരൊ സാഹചര്യത്തിൽ സർക്കാർ ജനങ്ങൾക്കു വേണ്ടി ഒരു സാലറി ചലഞ്ച് പ്രഖ്യാപിച്ചാൽ മനുഷ്യത്വമുള്ള ആർക്കെങ്കിലും അതിൽ നിന്ന് മാറി നിൽക്കാനാകുമോ..?

സ്വന്തമായി ഒട്ടും മോശമല്ലാത്ത വീടുകളും കാറുകളും എടുത്തതിന്റെ പേരിലുണ്ടായ ലോൺ തിരിച്ചടവിന്റെ കാര്യം പറഞ്ഞ് സാലറി ചലഞ്ച് തരാൻ സാധ്യമല്ല എന്ന് പറയുന്ന സർക്കാർ ഉദ്യോഗസ്ഥരെയും തരാൻ താൽപര്യമുള്ള ജീവനക്കാരനെ പോലും കൊടുക്കാതിരിക്കാൻ പ്രേരിപ്പിക്കുന്ന പിറന്ന നാടിനെ ഒറ്റുകൊടുക്കുന്ന യൂദാസുമാരായ കുറെകരിങ്കാലികളെ നാം കഴിഞ്ഞ പ്രളയകാലത്തും കാണുകയുണ്ടായി….. അവരുടെ വിഷ ലിപ്തമായ വാക്കുകളിൽ മനസ്സ് ചാഞ്ചല്യപെടാതെ സർക്കാരിനൊപ്പം നിൽക്കാം………..

സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കെടുക്കാതിരിക്കാൻ നിങ്ങൾക്ക് പല ന്യായങ്ങളും നിരത്താനുണ്ടാകും,…….. പക്ഷെ പങ്കെടുക്കാൻ ഒരൊറ്റ കാരണം മാത്രം മതി………

” മനുഷ്യത്വം ”

ഞാൻ എന്റെ ഒരു മാസത്തെ ശമ്പളം സർക്കാരിന്റെ സാലറി ചലഞ്ചിലേക്ക് സമർപ്പിക്കുന്നു…..

കെ.പി.സനേഷ്
സിവിൽ പോലീസ് ഓഫീസർ
DHQ കണ്ണൂർ

error: Content is protected !!