ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 85.1 ശതമാനം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിള്‍ 81.8 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

84.3 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്ലസ്ടു വിജയശതമാനം. സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ 3,19,782പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 18,510 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. സയന്‍സ് 88.62 ശതമാനം, ഹ്യുമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്‌സ് 84.52 ശതമാനം എന്നിങ്ങനെയാണ് ഓരോ വിഭാഗങ്ങളിലുമുള്ള വിജയ ശതമാനം.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും സഫലം 2020, പിആര്‍ഡി ലൈവ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലം അറിയാം.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുകയും കൂടുതല്‍ വിദ്യാര്‍ഥികളെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസിന് അര്‍ഹരാക്കുകയും ചെയ്ത ജില്ല മലപ്പുറമാണ്. 2,234പേര്‍ക്കാണ് ഇവിടെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്‌ക്കൂള്‍ സെന്റ് മേരീസ് എച്ച്‌ എസ് എസ് പട്ടം ആണ്. വിജയശതമാനം കൂടുതല്‍ ഉള്ള ജില്ല എറണാകുളവും കുറഞ്ഞ ജില്ല കാസര്‍കോടുമാണ്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം ഇത് 79 അയിരുന്നു. 234 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാനായി. കഴിഞ്ഞ വര്‍ഷം ഇത് 183 ആയിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ 24 മുതല്‍ സ്വീകരിക്കും. സേ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും. എല്‍ എസ് എസ്, യു എസ് എസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പേരും ജനനത്തീയതിയും കൂടി രേഖപ്പെടുത്തും. കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷം എപ്പോള്‍ തുടങ്ങാനാകുമെന്ന് പറയാനാകില്ല. മന്ത്രി വ്യക്തമാക്കി. ഈ മാസം പത്തിന് ഫലം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തലസ്ഥാന നഗരിയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കുകയായിരുന്നു.

error: Content is protected !!