ലോക്ക് ഡൗണില്‍ ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കാത്ത തൊഴില്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി. തൊഴില്‍ ഉടമകളും തൊഴിലാളികളും സംസാരിച്ച്‌ ഈ വിഷയത്തില്‍ സമവായത്തില്‍ എത്തണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

ജൂലായ് അവസാനം വരെ ഇത്തരത്തിലുള്ള നടപടി പാടില്ല എന്നാണ് സുപ്രീം കോടതി പറയുന്നത്. ലേബര്‍ കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം. മുഴുവന്‍ വേതനവും നിര്‍ബന്ധമായും നല്‍കണമെന്ന മാര്‍ച്ച്‌ 29ന്റെ ഉത്തരവിന്റെ നിയമസാധുത സംബന്ധിച്ച്‌ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു.

എല്ലാ തൊഴിലുടമകളും യാതൊരു വെട്ടിക്കുറക്കലുകളുമില്ലാതെ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന് മാര്‍ച്ച്‌ 29ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. തൊഴില്‍ദാതാക്കള്‍ക്കും തൊഴിലാളികള്‍ക്കും പരസ്പരം ആവശ്യമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു.

error: Content is protected !!