ഇന്ത്യ – ചൈന സേനാതല ചര്‍ച്ച പരാജയം: പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്‍വരയില്‍ ബുധനാഴ്ച വൈകിട്ട് നടന്ന മേജര്‍തലചര്‍ച്ചകളും ധാരണയാകാതെ പിരിഞ്ഞു. മേഖലയില്‍ നിന്ന് സേനാപിന്‍മാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ഉള്ള ഇടങ്ങളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങള്‍ പിന്‍മാറിയിട്ടില്ല. അതിര്‍ത്തിജില്ലകളില്‍ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വീണ്ടും ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് വിട്ടുവീഴ്ച വേണ്ട എന്നും സൈന്യത്തെ അറിയിച്ചിട്ടുണ്ട്. മൂന്നുസേനകള്‍ക്കും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയ്ക്കും ജാ​ഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാല്‍വന്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, യുദ്ധസമാന സാഹചര്യം മുന്നില്‍ക്കണ്ട് ആയുധങ്ങള്‍ സംഭരിക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതൊക്കെ ആയുധങ്ങളാണ് അടിയന്തരമായി വാങ്ങേണ്ടതെന്ന കാര്യത്തില്‍ മൂന്നു സേനാ മേധാവികളുമായി ചര്‍ച്ച നടത്താനും സംഭരണ നടപടികള്‍ ഏകോപിക്കാനും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ചുമതലപ്പെടുത്തി. ഇരു രാജ്യങ്ങളിലെയും സൈനിക മേജര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്നും തുടര്‍ന്നേക്കും.

അതിര്‍ത്തിയോടു ചേര്‍ന്നുള്ള സേനാതാവളങ്ങളിലേക്കുള്ള ആയുധനീക്കവും വേഗത്തിലാക്കി. വ്യോമതാവളങ്ങളിലേക്ക് (ഫോര്‍വേഡ് ബേസ്) യുദ്ധവിമാനങ്ങളും നീക്കി. ഒപ്പം, ഇന്തോ – പസഫിക് സമുദ്രമേഖലയില്‍ ചൈനീസ് കടന്നുകയറ്റ നീക്കങ്ങള്‍ക്കു തടയിടാന്‍ നാവികസേനാ യുദ്ധക്കപ്പലുകള്‍ നിലയുറപ്പിക്കും. യുഎസിന്റെ 3 വിമാനവാഹിനി കപ്പലുകള്‍ ചൈനയെ ലക്ഷ്യമിട്ട് സമുദ്രമേഖലയിലുണ്ട്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി. ആസൂത്രിത ആക്രമണമാണു നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുറന്നടിച്ചു. അതിനിടെ, സംഘര്‍ഷത്തിലും മരണത്തിലും ആശങ്കയറിയിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയും ചൈനയും പരമാവധി സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

error: Content is protected !!