കനത്ത മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിന്റെ ഭാഗമായി വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു . ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിക്കുമ്പോള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക.

വടക്കന്‍ മഹാരഷ്ട്രയിലെയും ദക്ഷിണ ഗുജ്റാത്തിലെയും തീരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് ഈ വര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആനന്ദ് ശര്‍മ അറിയിച്ചു.

error: Content is protected !!