പ്രവാസികള്‍ക്ക് സ്വന്തം കെട്ടിടം ക്വാറന്റൈന്‍ കേന്ദ്രമാക്കാമെന്ന ഉത്തരവ് പരമാവധി നടപ്പിലാക്കണം- മന്ത്രി ഇ പി ജയരാജന്‍

കണ്ണൂർ : പ്രവാസികള്‍ക്ക് സ്വന്തം കെട്ടിടം ക്വാറന്റൈന്‍ കേന്ദ്രമാക്കാമെന്ന ഉത്തരവ് പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍ദേശിച്ചു. സൗകര്യമുള്ള വീടും കെട്ടിടവുമുള്ള എല്ലാ കേസുകളിലും ഇത് പ്രോത്സാഹിപ്പിക്കണം. പ്രവാസികള്‍ക്കും ഇങ്ങനെ ക്വാറന്റൈനില്‍ കഴിയുന്നതായിരിക്കും താല്‍പ്പര്യം. സൗകര്യം ഇല്ലാത്തവരെ മാത്രം സര്‍ക്കാര്‍ കൊറോണ കെയര്‍ സെന്ററുകളിലാക്കിയാല്‍ മതിയാകും.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളമായി പ്രവാസികള്‍ വരുന്ന സാഹചര്യത്തില്‍ ഈ രീതിയാണ് ജില്ലയില്‍ കൂടുതല്‍ ഫലപ്രദമാകുകയെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കാലവര്‍ഷ മുന്നൊരുക്കവും ചര്‍ച്ചചെയ്യാനായിരുന്നു യോഗം.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങളും ആരോഗ്യ വകുപ്പിന്റെ വ്യവസ്ഥകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. വീടുകളിലെ നിരീക്ഷണത്തില്‍ ഒരു വീഴ്ചയും ഇല്ലാതിരിക്കാന്‍ ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും നല്ല ജാഗ്രത പുലര്‍ത്തണം. രോഗ വ്യാപനം തടയുന്നതിന് ഇത് ഏറെ പ്രധാനമാണ്. വാർഡ് തല നിരീക്ഷണ സമിതികള്‍ ഇക്കാര്യം നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്തണം. എല്ലാ വാര്‍ഡ്തല സമിതികളെയും ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ തദ്ദേശസ്ഥാപന തലത്തിലുള്ള സമിതികളും ശ്രദ്ധിക്കണം. പൊലീസിന്റെ ഭാഗത്ത് നിന്നും നിരീക്ഷണം ഉണ്ടാകും.

ഇപ്പോള്‍ വലിയ തോതില്‍ പ്രവാസികള്‍ നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യം കാട്ടുകയാണ്. ലോകത്ത് തന്നെ ഏറ്റവും മികച്ച രോഗ ചികിത്സയും സുരക്ഷിതത്വവും കേരളത്തില്‍ ലഭിക്കുന്നുവെന്നത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് പ്രചോദനമായിട്ടുണ്ടെന്നതും വസ്തുതയാണ്. താല്‍പ്പര്യപ്പെടുന്നവരെ നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്്. ചാര്‍ട്ടേഡ് ഫൈ്‌ളറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കി.

എന്നാല്‍ ഇങ്ങനെ വരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി യഥാസമയം ലഭ്യമാകണം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കണ്ണൂരില്‍ ഇങ്ങനെ കഴിഞ്ഞ ദിവസം എത്തിയവരുടെ വിവരം യഥാസമയം അറിയിക്കുന്നതിലുണ്ടായ പോരായ്മ സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ മികച്ച രീതിയില്‍ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. നല്ല ഏകോപനത്തോടെയാണ് ജില്ലാ ഭരണകൂടവും വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സാമൂഹ്യ സംഘടനകളുമെല്ലാം ഒറ്റക്കെട്ടായി ഇതിനൊപ്പമുണ്ട്. പ്രതിരോധമാണ് കോവിഡിനെതിരായ ഫലപ്രദമായപ്രവര്‍ത്തനം. കോവിഡ് സാധ്യതയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി ബോധവല്‍ക്കരണവും നിയന്ത്രണങ്ങളും തുടരണം.

എന്നാല്‍ സാധാരണ ജീവിതത്തിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇതിനായുള്ള തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജിന്റെ ഭാഗമായി കാര്‍ഷിക, വ്യാവസായിക, ചെറുകിട മേഖലകളിലെല്ലാം പ്രത്യേക പദ്ധതികള്‍ ആരംഭിച്ചു. നമുക്ക് വരാനിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവുമെല്ലാം കണക്കിലെടുത്താണ് ഈ പദ്ധതികളെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തും ജില്ലയിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ശ്ലാഘിച്ചു. തുടര്‍ന്നും സഹകരണം അവര്‍ വാഗ്ദാനം ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കൂടുതലായി ഒരുക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമിതികള്‍ ഉണ്ടാകുന്നത് ഗുണകരമാകുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം വി ജയരാജന്‍ (സിപിഐഎം), അഡ്വ.പി സന്തോഷ് കുമാര്‍ (സിപിഐ), കെ സി മുഹമ്മദ് ഫൈസല്‍ (ഐഎന്‍സി), അബ്ദുല്‍ കരീം ചേലേരി (ഐയുഎംഎല്‍), കെ കെ ജയപ്രകാശ് (കോണ്‍ഗ്രസ് എസ്), പി പി ദിവാകരന്‍ (ജനതാദള്‍ എസ്) എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!