ഇ ക്ലാസ് ചലഞ്ചിലൂടെ ടിവി ; എളയാവൂരിലെ വിദ്യാര്‍ഥി സഹോദരങ്ങള്‍ക്ക് ആശ്വാസം

കണ്ണൂർ : എളയാവൂര്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥികളായ ക്രിസ്റ്റിക്കും ക്രിസ്റ്റോയ്ക്കും ഇനി ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങുമെന്ന ആശങ്കയില്ല. ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇ ക്ലാസ് ചലഞ്ചാണ് ഇവര്‍ക്ക് തുണയായത്. കെഎസ്ഇബി ഓഫീസ് അസോസിയേഷന്‍ നല്‍കിയ ടിവി സെറ്റ് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇവര്‍ക്ക് കൈമാറി.

കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്നു ഈ സഹോദരങ്ങള്‍. ഇവരുടെ നിസ്സാഹായവസ്ഥ മനസ്സിലാക്കി സ്‌കൂള്‍ അധികൃതരാണ് വിവരം പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയെ അറിയിച്ചത്. എളയാവൂര്‍ യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ക്രിസ്റ്റി സുമേഷ്. ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനുജന്‍ ക്രിസ്റ്റോ. ഏറെ ആഗ്രഹിച്ചിരുന്ന പുത്തന്‍ ടിവി ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണ് ഈ കുരുന്നുകള്‍.

വീടുകളില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി തുടക്കമിട്ട ഇ ക്ലാസ് ചലഞ്ചിലൂടെ നിസ്സഹായരായ നിരവധി കുട്ടികള്‍ക്കാണ് സഹായം ലഭിച്ചത്. ഇത്തരത്തില്‍ വെള്ളിയാഴ്ച 10 ടെലിവിഷന്‍ സെറ്റുകള്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. ചലഞ്ചിന്റെ ഭാഗമായി 400 ലധികം ടെലിവിഷന്‍ സെറ്റുകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍തലത്തില്‍ അര്‍ഹരായവരെ കണ്ടെത്തിയാണ് ഇവ വിതരണം ചെയ്യുന്നത്.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വെള്ളോറ രാജന്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, ജോയ് കൊന്നക്കല്‍, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി പി വേണുഗോപാലന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!