കൊവിഡ്: അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ ഐ.സി.യു നിറഞ്ഞുകവിയുമെന്നും വെന്റിലേറ്ററുകള്‍ കിട്ടാതാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പതിനായിരത്തിലേറെ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഈ സംസ്ഥാനങ്ങളില്‍ ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐ.സി.യു കിടക്കകളും വെന്റിലേറ്ററുകളും ഒഴിവുണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ ജൂണ്‍ എട്ട് മുതല്‍ ഐസിയു കിടക്കകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 27 ഓടെ വെന്റിലേറ്ററുകളും ഒഴിവില്ലാതാകും. തമിഴ്നാട്ടില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ജൂലൈ ഒമ്പതോടെ നിറയും. ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു.

ഹരിയാന, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനു മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശമുണ്ട്.

error: Content is protected !!