ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയുര്‍വേദ വിഭാഗം

കണ്ണൂർ : ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയുര്‍വേദ വിഭാഗത്തിന്റെ അമൃതം പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പുമായി യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആയുര്‍വേദ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ആയുര്‍വേദ കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് മരുന്നുകള്‍ ക്വാറന്റൈനില്‍ ഉള്ളവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സുകള്‍ക്കാണ് ഇതിന്റെ ഏകോപന ചുമതല. ജനപ്രതിനിധികള്‍, എച്ച്എംസി അംഗം, കുടുംബശ്രീ- ആശ- അങ്കണവാടി പ്രതിനിധികള്‍ പ്രദേശത്തെ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങിയതാണ് ടാസ്‌ക് ഫോഴ്‌സുകള്‍.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 1254 പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കിയിട്ടുണ്ട്. അതില്‍ 1150 പേര്‍ ഹോം ക്വാറന്റൈനിലും 104 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും ആണ്. മാനസിക സമ്മര്‍ദ്ദം ഉള്ളവര്‍ക്ക് കൗണ്‍സലിങ്ങും നല്‍കുന്നുണ്ട്. ക്വാറന്റൈനില്‍ ഉള്ളവരുടെ വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കും. 14 ദിവസത്തേക്കുള്ള മരുന്നുകളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. കഷായം, ഗുളിക, ചൂര്‍ണ്ണം, അന്തരീക്ഷ ശുദ്ധിക്കായി പുകയ്ക്കുന്ന ഔഷധ ചൂര്‍ണ്ണം എന്നിവ ഇവയില്‍ ഉള്‍പ്പെടും.

കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ പിന്നീട് നെഗറ്റീവ് ആകുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനായി ‘പുനര്‍ജ്ജനി’ എന്ന പദ്ധതിയും ആയുര്‍വ്വേദ വിഭാഗം നടപ്പിലാക്കുന്നുണ്ട്. 60 വയസ്സിനു താഴെ ഉള്ളവര്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ‘സ്വാസ്ഥ്യം’ പദ്ധതി, 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് ‘സുഖായുഷ്യം’ പദ്ധതി എന്നിവയും വിജയകരമായി നടപ്പിലാക്കി വരുന്നു. ‘സ്വാസ്ഥ്യം’പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 8499 പേര്‍ക്കും ‘സുഖായുഷ്യം’ പദ്ധതിയില്‍ 5044 പേര്‍ക്കും മരുന്ന് നല്‍കിയിട്ടുണ്ട്.

 

error: Content is protected !!