പ്രതിഷേധം ശക്തമാക്കി ഡല്‍ഹി എയിംസിലെ നഴ്‍സുമാര്‍: പത്തിന് സമ്പൂർണ്ണ ഡ്യൂട്ടി ബഹിഷ്ക്കരണം

ന്യൂഡല്‍ഹി: ഡല്‍ഹി എംയിസിലെ നഴ്സുമാരുടെ സമരത്തിന് പരിഹാരം കാണാനായി നഴ്‌സസ് യൂണിയനുമായി അധികൃതര്‍ ഇന്ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ഈ മാസം പത്തിന് ഡ്യൂട്ടി പൂര്‍ണമായും ബഹിഷ്ക്കരിക്കാനാണ് യൂണിയന്‍ ആഹ്വാനം. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എംയിസ് അടക്കമുള്ള രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ വലിയ പ്രതിസന്ധിയാണ്.

രോഗികളാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ ആശങ്ക ജനിപ്പിക്കുന്ന കണക്കുകളാണ് എംയിസില്‍ നിന്ന് പുറത്തുവരുന്നത്. പത്ത് മലയാളികള്‍ ഉള്‍പ്പെടെ 480 ജീവനക്കാര്‍ക്ക് എയിംസില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകള്‍. ഡല്‍ഹിയില്‍ മലയാളികളായ രണ്ട് നഴ്സുമാര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

രോഗികളെ പരിചരിക്കുന്ന നഴ്സുമാരുടെ സുരക്ഷയുടെ കാര്യത്തിലും നടപടികളില്ലെന്നാണ് ആക്ഷേപം. പി.പി.ഇ കിറ്റുകള്‍ ധരിച്ചുള്ള ഭാരിച്ച ഡ്യൂട്ടി സമയം നാല് മണിക്കൂറാക്കി ചുരുക്കണം എന്നതുള്‍പ്പടെ പതിനൊന്ന് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് യൂണിയന്‍ സമരം തുടങ്ങിയത്. എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. സമരത്തെ ആദ്യഘട്ടത്തില്‍ അവഗണിച്ച എയിംസ് അധികൃതര്‍ ഇന്ന് ചര്‍ച്ചക്ക് തയ്യാറായി. എന്നാല്‍, ഡ്യൂട്ടി സമയം പുതുക്കുന്ന കാര്യത്തില്‍ അധികൃതര്‍ തണുപ്പന്‍ സമീപനം സ്വീകരിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

error: Content is protected !!