അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം തിരിച്ചയക്കണം: സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഇതരസംസ്ഥാന  തൊഴിലാളികളെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം.

പതിനഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ട്രെയിനുകൾ അനുവദിക്കാൻ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് റെയിൽവെ നൽകണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.

ലോക്ഡൗണില്‍ അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ഡല്‍ഹിയില്‍ രണ്ട് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നും എന്നാല്‍ ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറായിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ ബോധിപ്പിച്ചു. പതിനായിരം തൊഴിലാളികള്‍ മാത്രമാണ് സ്വദേശത്തേക്ക് മടങ്ങാന്‍ താത്പര്യം കാണിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഒരുക്കിയതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. റോഡ് മാര്‍ഗം 41 ലക്ഷം കുടിയേറ്റ തൊഴിലാളികളെയും ട്രെയിനില്‍ 57 ലക്ഷത്തെയും സ്വദേശത്തേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!