കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു പിടിക്കാനൊരുങ്ങി തില്ലങ്കേരി  ഗ്രാമ പഞ്ചായത്ത് ; മെഗാ ഞാറ്റുവേല ചന്തയ്ക്ക് വന്‍ സ്വീകാര്യത

കണ്ണൂർ : ചേന ഒരു കിലോ 35 രൂപ, ചേമ്പിന് അറുപത്, ഇഞ്ചിയ്ക്ക് എഴുപത്…… ഇങ്ങനെ നീളുന്നു തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച മെഗാ ഞാറ്റുവേല ചന്തയിലെ നടീല്‍ വസ്തുക്കളുടെ വിലവിവര പട്ടിക. വരാനിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധിയെ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള സ്ഥലങ്ങളെല്ലാം  കൃഷി യോഗ്യമാക്കുക എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ തില്ലങ്കേരി പഞ്ചായത്ത് അധികൃതര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.

അന്യംനിന്നു പോയ കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചുപിടിക്കാന്‍ വിവിധ കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിച്ച് മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തിന് കൃഷി പുതിയൊരു മേഖലയല്ല. തരിശിട്ട ഭൂമികളിലെല്ലാം കൃഷിയിറക്കി നൂറുമേനി വിളയിച്ച് തരിശുരഹിത ഗ്രാമം എന്ന നേട്ടം കൈവരിച്ച പഞ്ചായത്തിന് ഈ ലോക് ഡൗണ്‍ കാലം ഉത്തേജനമാണ്. കാര്‍ഷികമേഖലയില്‍ ഇനിയും പുതിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

പഞ്ചായത്തും കൃഷിഭവനും ഒറ്റക്കെട്ടയാണ് കാര്‍ഷിക മേഖലില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ഇതിനായി ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് കൃഷി വ്യാപിപ്പിക്കാനുള്ള എല്ലാവിധ സഹായങ്ങളും പഞ്ചായത്തും കൃഷിഭവനും നല്‍കി വരുന്നു.

ലോക് ഡൗണ്‍ ആയതിനാല്‍ യുവാക്കള്‍ വ്യാപകമായി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും കൃഷിയെ ആളുകള്‍ നെഞ്ചോട് ചേര്‍ക്കാന്‍ ഈ ലോക് ഡൗണ്‍ കാരണമായെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് പറയുന്നു. ലോക് ഡൗണ്‍ ആയതിനാല്‍ കൂട്ടായ്മകളിലും വീടുകളിലും പുതിയ തോട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈയൊരു അവസരത്തില്‍ നടീല്‍ വസ്തുക്കളുടെ ആവശ്യകത വളരെയധികം വര്‍ധിച്ചു.

ആളുകള്‍ വിത്തുകള്‍ക്കായി പഞ്ചായത്തിനെ സമീപിക്കാന്‍ തുടങ്ങി. ഇതിനൊരു പരിഹാരമായാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി ഒരു ദിവസത്തെ മെഗാ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നടീല്‍ വസ്തുക്കള്‍ക്കായി വാട്‌സ്ആപ്പ് വഴിയാണ് ഓര്‍ഡര്‍ സ്വീകരിച്ചത്. ചെറിയ രീതിയിലുള്ള പരിപാടിയായി സംഘടിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നതെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ മെഗാ ചന്തയായി മാറുകയായിരുന്നു.

നടീല്‍ വസ്തുക്കള്‍ക്കായി 600 ലേറെ ഓര്‍ഡറുകളാണ് ലഭിച്ചത്. 20ഓളം നടീല്‍ വസ്തുക്കളാണ് ചന്തയിലുള്ളത്. ഇഞ്ചി, മഞ്ഞള്‍, ചേന തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ മിതമായ നിരക്കിലാണ് വില്‍പ്പന.  ഒരെണ്ണത്തിന് 3 രൂപ വരുന്ന മരച്ചീനി തണ്ട്  മുതല്‍ 120 രൂപ വരുന്ന തെങ്ങ് വരെയുണ്ട്  മെഗാ ചന്തയില്‍.
കാവുംപടി സി എച്ച് എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന മെഗാ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ കെ വിജയന്‍,  ആത്മ പ്രോജക്ട് ഡയറക്ടര്‍ രമേശ് ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി കെ കാര്‍ത്ത്യായനി, അംഗം മുരിക്കോളി പ്രശാന്തന്‍,  തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഷൈമ, സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ശ്രീധരന്‍, അംഗം ടി മുനീര്‍, കൃഷി ഓഫീസര്‍ കെ അനുപമ, കൃഷി അസിസ്റ്റന്റ് പി എസ് അനീഷ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!