ആറുമാസം പൂർത്തിയായ ഗർഭണികളെ തിരിച്ചുകൊണ്ടുവരുന്നതിന് മുൻഗണന നൽകണം സുപ്രീം കോടതി

ഡൽഹി: കൊറോണ വൈറസ് മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആറുമാസം പൂർത്തിയായ ഗർഭണികളെ അടിയന്തരമായി തിരിച്ചുകൊണ്ടുവരുന്നതിന് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

സൗദി അറേബിയയിൽ ജോലിചെയ്യുന്ന മലയാളി യുവതികളായ ഒരു ഡോക്ടറും പതിനേഴ് നഴ്സുമാരും അടങ്ങുന്ന ഗർഭണികൾ തങ്ങളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ നൽകിയ ഹർജ്ജി പരിഗണിക്കവെയാണ് കോടതി ഇത് വ്യക്തമാക്കിയത്.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്കുകൊണ്ടുവരുന്നതിനായി തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (Standard Operating Procedure (SOP)) അനുസരിച്ചു ഗർഭണികൾക്ക് മുൻഗണയുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഇത് രേഖപ്പെടുത്തിയ കോടതി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആറുമാസം പൂർത്തിയായ ഗർഭിണികൾക്ക് മുൻഗണ നൽകികൊണ്ട് അടിയന്തരമായി നാട്ടിൽ തിരിച്ചുകൊണ്ടുവരുവാനുള്ള നിർദ്ദേശമാണ് കേന്ദ്ര സർക്കാരിന് നൽകിയത്.

ഹർജ്ജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം എന്നിവർ ഹാജ്ജരായി.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഗർഭിണികളിൽ ഭൂരിഭാഗം പേരും പ്രസവത്തിനും ബദ്ധപ്പെട്ട ചികിത്സയ്ക്കും വേണ്ടി മുൻപേ തന്നെ ജോലി രാജി വെച്ചും ലീവ് എടുത്തും നാട്ടിലേക്ക് വരുന്നതിനായി മാർച്ച് ഏപ്രിൽ മാസങ്ങളിൽ ടിക്കറ്റ് എടുത്തിരുന്നു. പക്ഷെ കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കിയതിനാലാണ് ഇവർ വിദേശത്ത് തന്നെ തുടരേണ്ടിവന്നത്.

ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലീസ് ഇന്ത്യ ചെയർമാൻ ശ്രീ ലത്തീഫ് തെച്ചി മുഖേനെ പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയും സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിക്കുകയും ചെയ്തത്.

കൊവിഡ്-19 പ്രതിരോധത്തിനായി സൗദിയിലുള്ള സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയതിനാൽ ആവശ്യമായ ചികിത്സ ലഭിക്കാൻ ബുദ്ധിമുട്ടുള്ളതായും നിലവിൽ ജോലിയോ കുടുംബാംഗളുടെ സാമീപ്യമോ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയെല്ലെന്നും ഹർജ്ജിയിൽ പറയുന്നു.

error: Content is protected !!