പ്രവര്‍ത്തികള്‍ക്ക് ഫലമുണ്ടായി: പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ലെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായെന്നും പക്ഷേ എല്ലാം കഴിഞ്ഞു എന്ന് ഒരിക്കലും പറയുന്നില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പ്രവൃത്തിഭാരം കുറയുന്നില്ല, കൂടുന്നതേയുള്ളൂ. പക്ഷേ, പ്രവൃത്തി ചെയ്യുന്നതില്‍ ഫലമുണ്ടായി എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ദിശ കോള്‍ സെന്ററില്‍ ഒരു ലക്ഷം കോള്‍ തികയുന്ന അവസരത്തില്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം പ്രവാസികളുടെ മടക്കം മുന്‍ഗണന അനുസരിച്ചെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണ. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കോട്ടയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും ഇനിയും ആളുകള്‍ വരുന്നുണ്ട്. അവരെ ഓരോരുത്തരേയും നമ്മള്‍ ശ്രദ്ധിക്കണം. വരുന്നവരില്‍ പോസിറ്റീവ് കേസുകള്‍ കണ്ടേക്കാം. പക്ഷേ അത് കണ്ടു കിട്ടുക എന്നതിലാണ് പ്രധാനം. അത്തരക്കാര്‍ പരിശോധനയില്‍ വരികയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ അവര്‍ക്ക് മരണമുണ്ടാകാതെ, മറ്റുള്ളവരിലേക്ക് പകരാതെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!