കണ്ണൂരില്‍ തെരുവോരങ്ങളിൽ കഴിഞ്ഞിരുന്നവരെ അശരണ കേന്ദ്രങ്ങളിലേക്ക് മാറ്റി

കണ്ണൂര്‍: കണ്ണൂരിന്‍റെ തെരുവോരങ്ങളിൽ കഴിഞ്ഞിരുന്നവരെ അശരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ അലഞ്ഞു തിരിഞ്ഞു നടന്ന 212 പേരെ ഐആർപിസി, ബ്ലഡ് ഡോണേഴ്സ് കണ്ണൂർ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ക്വറന്റൈൻ കേന്ദ്രങ്ങളിലാക്കിയിരുന്നു. ഇവരെയാണ് അശരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

ചൊവ്വ പ്രത്യാശ ഭവൻ, തടിക്കടവ് ദിവ്യ കാരുണ്യ ആശ്രമം, സ്നേഹ നികേതൻ എന്നീ കേന്ദ്രങ്ങളിലാണ് ഇവരെ മാറ്റി പാർപ്പിക്കുന്നത്.

42 ദിവസത്തോളമായി ഇവരെ ജില്ലാ ഭരണകൂടമാണ് സംരക്ഷിച്ചു വരുന്നത്. മൂന്ന് നേരം ഭക്ഷണവും ദിനം പ്രതി ഡോക്ടറുടെ സേവനവും ക്യാമ്പിൽ ഉറപ്പുവരുത്തിയിരുന്നു. ഇവർക്ക് ശാശ്വതമായ ഒരു പുനരധിവാസത്തിന് വേണ്ടിയാണ് അശരണ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും അതത് കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്.

ഐ ആർ പി സി, ബ്ലഡ്‌ ഡോണേഴ്സ് കേരള തുടങ്ങിയ സന്നദ്ധ സംഘടനകളുമായി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇവരുടെ പുനരധിവാസത്തെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിനെ തുടർന്നാണ് ഇവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അതെ സമയം തെരുവിൽ കഴിയുന്നവരിൽ പലരും തമിഴ്നാട് സ്വദേശികളാണ് ഇവരെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടറോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും ഐ ആർ പി സി പ്രദേശ ചെയർമാൻ കൂടിയായ പി ജയരാജൻ പറഞ്ഞു.

error: Content is protected !!