ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്

 

ഡൽഹി : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാല്‍പ്പത്തിനാല് ലക്ഷത്തി ഇരുപത്തി രണ്ടായിരം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ എണ്‍പത്തി നാലായിരത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അയ്യായിരത്തിലേറെ പേരാണ് മരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും അമേരിക്കയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.

കൊവിഡ് സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടേയും കാര്യത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടയിലും വലിയ വര്‍ധനവ് തന്നെയാണ് ലോകത്ത് സംഭവിച്ചത്.‍ 212 രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് ഇതുവരെ നാല്‍പ്പത്തിനാല് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തിലേറെ പേര്‍ക്കാണ് ബാധിച്ചത്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തോളം പേര്‍ ഇതിനോടകം മരിച്ചെങ്കിലും മരണ സംഖ്യ വരും മണിക്കൂറുകളില്‍ തന്നെ മൂന്ന് ലക്ഷം പിന്നിടുമെന്ന് ഉറപ്പാണ്.

അമേരിക്കയില്‍ മാത്രം പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ ആയിരത്തി അറുനൂറിലേറെ പേരാണ് മരിച്ചത്. ലോക വ്യാപകമായി എണ്‍പത്തി നാലായിരത്തിലധികം ആളുകള്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണ നിരക്ക് ആയ്യായിരത്തിന് മുകളിലേക്ക് ഉയര്‍ന്നു. നേരത്തെ രോഗ വ്യാപനം രൂക്ഷമായിരുന്ന സ്പെയിന്‍ , യു.കെ , ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രസീല്‍ , റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11000 പേര്‍ ബ്രസീലില്‍ രോഗ ബാധിതരായപ്പോള്‍ 700ന് മുകളില്‍ ആളുകളാണ് മരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് റഷ്യയില്‍ മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും പതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം രോഗവ്യാപനത്തില്‍ കുറവുണ്ടായതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനും അതിര്‍ത്തികളുള്‍പ്പെടെ തുറക്കാനും ആലോചിക്കുന്നതായി യൂറോപ്യന്‍ വ്യക്തമാക്കി. എന്നാല്‍ യൂറോപ്പില്‍ മാത്രം ദിവസേന ശരാശരി ഇരുപതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്.

error: Content is protected !!