സംസ്ഥാന അതിര്‍ത്തികളിലെ ജാഗ്രത ഒരു തരത്തിലും ദുര്‍ബലമാക്കരുത് : മന്ത്രി ഇ പി ജയരാജന്‍

കണ്ണൂർ : സംസ്ഥാന അതിര്‍ത്തികളിലെ ജാഗ്രത ഒരു തരത്തിലും ദുര്‍ബലമായിക്കൂടെന്നും അങ്ങനെ വന്നാല്‍ അത് വലിയ വിപത്തിലേക്ക് നയിക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍. കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജാഗ്രത ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. പാസ് ഉള്ളവരെയും ഇല്ലാത്തവരെയുമെല്ലാം അതിര്‍ത്തികടത്തിക്കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു. നാടിനോടും അവരോടുതന്നെയും ചെയ്യുന്ന കടുംകൈയാണിത്. മറ്റ് ചിലര്‍ ബസുകളിലും മറ്റും ആളുകളെ കൊണ്ട് വന്ന് വഴിയില്‍ ഇറക്കിവിടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ്. അവരുടെ കുടുംബത്തെപ്പോലും അപകടത്തിലേക്ക് തള്ളിവിടുന്നതാണ് ഇതെന്ന് മനസ്സിലാക്കണം.

 


ചിലര്‍ ഊടുവഴികളിലൂടെയും മറ്റും നടന്നും അതിര്‍ത്തി കടന്ന് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്ന എല്ലാ പ്രവാസികള്‍ക്കും വരാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍, കൊറോണ കെയര്‍ സെന്ററുകള്‍, പരിശോധന സംവിധാനം, ചികിത്സാ സൗകര്യം തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തി വഴി അനുവദിക്കുന്ന പാസിന് അനുസരിച്ചാണ് ഈ ക്രമീകരണങ്ങളൊക്കെ ചെയ്യുന്നത്. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മാത്രമേ ആളുകളെ കൊണ്ടുവരാനാകൂ. അനധികൃതമായി അതിര്‍ത്തി കടന്നുവരുന്നത് പരിശോധിക്കാന്‍ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!