ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ നഴ്സുമാരുടെ ഇന്‍റര്‍വ്യു: കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കോട്ടയം ജില്ലയില്‍ നഴ്‌സുമാര്‍ക്കായി നടത്തിയ അഭിമുഖം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലാ ഭരണകൂടം അറിയാതെയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിനുള്ള സമയം പുനക്രമീകരിച്ച്‌ നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു

21 താല്‍ക്കാലിക ഒഴിവിലേക്ക് നൂറ് കണക്കിന് പേരാണ് അഭിമുഖത്തിനെത്തിയത്. അഭിമുഖത്തിനെത്തിയവരുടെ വരി റോഡിലേക്ക് നീണ്ടതോടെ ഗതാഗത തടസവും ഉണ്ടായി. ഇതോടെ കൊവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട സാമൂഹിക അകലം പോലും പാലിക്കപ്പെട്ടില്ല. മാസ്‌ക്ക് അടക്കം ധരിക്കാതെയാണ് പലരും അഭിമുഖം നടക്കുന്നിടത്തെത്തിയത്

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് മുന്‍ഗണന നല്‍കിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണ് ജില്ലാ ആശുപത്രി. ഇവിടെ ഇപ്പോള്‍ രോഗികളില്ലെന്നാണ് വിവരം. ആശുപത്രിയില്‍ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. ഇത്രയധികം പേര്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചത്.

error: Content is protected !!