ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. കൊവിഡ് രോഗ വ്യാപനവും ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള സ്ഥിതിവിശേഷങ്ങളും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും.

ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഈയാവശ്യം ഉന്നയിച്ചത്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ മേയ് മൂന്നുവരെയാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തെലങ്കാന നേരത്തേതന്നെ അടച്ചിടല്‍ മേയ് ഏഴുവരെ നീട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളും അവര്‍ നടപ്പാക്കിയിട്ടില്ല. തീവ്രവ്യാപനമേഖലകളില്‍ മേയ് 18 വരെ അടച്ചിടല്‍ നീട്ടണമെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്.

ഇന്നത്തെ ചര്‍ച്ചയില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം ലഭിക്കുക.

രോഗവ്യാപനം, പ്രതിരോധ നടപടികള്‍, തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങളും ഉന്നയിക്കും.

error: Content is protected !!