രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26917 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ കുതിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസിലെ ഗാര്‍ഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികള്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26917 ആയി. 827 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1975 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5914 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയില്‍ മരണസംഖ്യ 342 ആയി. രാജ്യത്തെ 27 ജില്ലകളിലാണ് രോഗബാധ കൂടുതലുള്ളത്. മൊത്തം രോഗികളുടെ 68.2% ഇവിടെ നിന്നാണ്. മഹാരാഷ്ട്രയില്‍ 440 പേര്‍ക്ക് കൂടി രോഗവും 19 മരണവും സ്ഥിരീകരിച്ചു. മുംബൈയില്‍ മാത്രം 324 പുതിയ കൊറോണ കേസ് സ്ഥിരീകരിച്ചു. 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ രോഗ ബാധിതര്‍ 5194ഉം മരണം 204ഉം ആയി. ധാരാവിയില്‍ 34 വൈറസ് ബാധിതരെ കൂടി കണ്ടെത്തി. ഇവിടെ ആകെ 275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ 293 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2918 ആണ്. മരണസംഖ്യ 54 ആയി. ഡല്‍ഹി ബാബ സാഹിബ് അംബേദ്ക്കര്‍ ആശുപത്രിയിലെ 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിയന്ത്രണ മേഖലയുടെ എണ്ണം 97 ആയി. രാജസ്ഥാനില്‍ 7 മരണവും 102 കൊറോണ കേസും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ 2185 കൊറോണ കേസും 41 മരണവുമാണുള്ളത്.
മധ്യപ്രദേശില്‍ കൊറോണ ബാധിതരുടെ എണ്ണം 2090 ആയി. ഗുജറാത്തില്‍ 230 പേര്‍ക്ക് രോഗവും 18 മരണവും കൂടി സ്ഥിരീകരിച്ചു. ആകെ മരണം 155ഉം കൊറോണ ബാധിതര്‍ 3301ഉം ആയി. ജമ്മു കശ്മീരില്‍ 29ഉം ജാര്‍ഖണ്ഡില്‍ ആറും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ ആകെ രോഗബാധിതരുടെ എണ്ണം 313 ആയി.