ചരക്ക് ലോറിയില്‍ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച്‌ ചരക്ക് ലോറിയില്‍ കേരളത്തിലേക്ക് കടന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് ഹോട്ടല്‍ നടത്തുന്ന മുരുകന്‍, ഭൂത പാണ്ടി, സത്യനാഥന്‍ എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്. ഇവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നടത്തുന്ന അനധികൃത യാത്ര തടയാന്‍ തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വഴികളെല്ലാം കഴിഞ്ഞ ദിവസം പൊലീസ് അടച്ചിരുന്നു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. രാത്രികാലങ്ങളില്‍ പൊലീസിനെ കബളിപ്പിച്ച്‌ ആളെ കടത്തിയ ആംബുലന്‍സും പൊലീസ് പിടികൂടിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളും രോഗികളുമായി വാഹനങ്ങളും കര്‍ശന പരിശോധനക്കുശേഷമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. പ്രധാന വഴികളല്ലാതെ മറ്റ് ചില വഴികളില്‍ കൂടി പൊലീസിനെ വെട്ടിച്ച്‌ വാഹനങ്ങള്‍ പോകുന്നത് തടയാനാണ് പരിശോധന കര്‍ശനമാക്കിയത്.

error: Content is protected !!