ലോക്ക് ഡൗണിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വളണ്ടിയറായെത്തി നടി നിഖില വിമല്‍

കണ്ണൂർ :ലോക് ഡൗണ്‍ കാലത്ത് സാമൂഹിക സേവനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്ററില്‍ ഇന്നലെയെത്തിയത് സിനിമാതാരം നിഖില വിമല്‍. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് വളണ്ടിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യന്‍ താരമെത്തിയത്.

അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരുടെ കോളുകള്‍ അറ്റന്റ് ചെയ്യലും അവരുമായി കുശലം പറയലുമൊക്കെയായി ഏറെ നേരം നടി കോള്‍ സെന്ററില്‍ ചെലവഴിച്ചു.
ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ ഇത്തരം കോള്‍ സെന്ററുകളും ഹോം ഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

അരവിന്ദന്റ അതിഥികള്‍, മേരാ നാം ഷാജി, ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നിഖില വിമല്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, ഫുട്‌ബോള്‍ താരം സി കെ വിനീത്, വിനോദ് പൃത്തിയില്‍, അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവരും കോള്‍ സെന്ററിലുണ്ടായിരുന്നു.

error: Content is protected !!