ലോക്ക് ഡൗൺ: പുതുക്കിയ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്‍റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കും.

കര്‍ശനമായ നടപടികള്‍ ഏപ്രില്‍ 20 വരെ തുടരുമെന്നും ഹോട്ട്സ്പോട്ടുകളില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഉപാധികളോടെയാവും ഇളവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിസഭായോഗവും ഇന്ന് ചേരുന്നുണ്ട്. പാവപ്പെട്ടവരെയും ദിവസ വരുമാനക്കാരെയും മനസ്സില്‍ കണ്ടുതന്നെയാണ് മാര്‍ഗരേഖ തയ്യാറാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

ലോക്ക് ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നത്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഒരാഴ്ച രാജ്യത്തെ സംബന്ധിച്ച്‌ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിലും യോഗം നടക്കും. മുംബൈയിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ അമിത്ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ കൊവിഡ് വ്യാപനം തടയാനായുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അമിത്ഷാ വ്യക്തമാക്കിയിരുന്നു.

error: Content is protected !!