ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തി യു എസ്

ന്യൂഡല്‍ഹി: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അമേരിക്കന്‍ പ്രസിഡ്ന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
ലോകത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1.26 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ മാത്രം കാല്‍ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 2284 പേര്‍ മരിച്ചു. ബ്രിട്ടണില്‍ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്.
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്.
ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും.