കോവിഡ് 19 : കണ്ണൂർ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും വിവരങ്ങള്‍ കൈമാറണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്‌

കണ്ണൂർ : ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ കോവിഡ് 19 ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കോവിഡ് ലക്ഷണങ്ങളുമായി ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍, അവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ തുടങ്ങിയ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ ചില സ്വകാര്യ ആശുപത്രികള്‍ വിസമ്മതിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പകര്‍ച്ച വ്യാധി നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കോവിഡ് രോഗികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്വകാര്യ ആശുപത്രികള്‍ പ്രതിദിനം ബന്ധപ്പെട്ടവര്‍ക്ക് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഉത്തരവ് പ്രകാരം, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ലക്ഷണങ്ങളുമായെത്തുന്ന ഒപി, ഐപി രോഗികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഓരോ ദിവസവും രാവിലെ 11 മണിയോടെ നിര്‍ദ്ദിഷ്ട ഗൂഗ്ള്‍ ഫോമില്‍ പങ്കുവയ്ക്കണം. ഇതിനായി എല്ലാ സ്ഥാപനങ്ങളും ഒരു നോഡല്‍ ഓഫീസറെ നിയമിക്കുകയും വിശദാംശങ്ങള്‍ controlroomkannur@gmail.com ലേക്ക് ഇമെയില്‍ വഴി അറിയിക്കുകയും വേണം. കോവിഡ് ബാധ സംശയിക്കുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം.
കോവിഡ് ലക്ഷണങ്ങളോടെയെത്തുന്ന രോഗികളില്‍ നിന്ന് അവരുടെ യാത്രാ സംബന്ധമായ വിവരങ്ങളെ കുറിച്ചുള്ള സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമേ അവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാവൂ. കൊറോണ ബാധ സംശയിക്കുന്ന രോഗികളെ കുറിച്ചുള്ള വിവരങ്ങളും അത്തരം രോഗികളെ മറ്റൊരു ആശുപത്രിയിലേക്കോ സ്ഥാപനത്തിലേക്കോ മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത പിച്ച്‌സികളെയോ 0497 2700194 (കോവിഡ് കണ്‍ട്രോള്‍ റൂം), 9496469913 (ഡോ. സച്ചിന്‍) എന്നീ നമ്പറുകളിലോ യഥാസമയം അറിയിക്കണം.
വിദേശ യാത്ര കഴിഞ്ഞെത്തിയവരോ ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശക്കപ്പെട്ടവരോ ആയ രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ നേരിട്ട് ചികില്‍സയ്‌ക്കെത്തിയാല്‍ അക്കാര്യം ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കേണ്ടതാണ്. ജില്ലയിലെ ആരോഗ്യ വകുപ്പ്, സര്‍വെയ്‌ലന്‍സ് ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന പക്ഷം സിസിടിവി ഫൂട്ടേജ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണം. 45 കിടക്കകളില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികള്‍, കോവിഡ് ലക്ഷണങ്ങളോടെയെത്തുന്ന രോഗികള്‍ക്കായി രണ്ട് കിടക്കകള്‍ മാറ്റിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
error: Content is protected !!