ഇന്ത്യയില്‍ കൊവിഡ് മരണം 273: രോഗം സ്ഥിരീകരിച്ചത് 8000ത്തിലധികം പേര്‍ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മരണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8356 പേര്‍ക്കാണ്. 24 മണിക്കൂറില്‍ പുതിയ 909 പോസിറ്റീവ് കേസുകള്‍ വന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറില്‍ 34 പേരാണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ് കേസുകള്‍ കൂടി വന്നിട്ടുണ്ട്. ഒരു ദിവസത്തിനിടെ മുംബൈയില്‍ 43 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ 1895 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 127 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 1069 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടുമെന്നത് സംബന്ധിച്ച്‌ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടാന്‍ ധാരണയായിരുന്നു. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി വീണ്ടും തുടങ്ങിയേക്കും. സാമൂഹിക അകലവും കൊറോണ പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചാകും നടപടി.

error: Content is protected !!