എറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂരിൽ : ഒരു വീട്ടിൽ മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു;കണ്ണൂർ മേയ് മൂന്ന് വരെ റെഡ് സോണിൽ

കണ്ണൂർ : സംസ്ഥാനത്ത് എറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ. ഇത് വരെ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് , ഒരു വീട്ടിൽ മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ കർശനമായി തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൂടുതൽ സ്ഥലങ്ങളിൽ പരിശോധന ഉണ്ടാകും, ഹോട്ട് സ്പോട്ട് പ്രദേശങ്ങൾ പൂർണ്ണമായും സീൽ ചെയ്യും. കണ്ണൂരുൽ ഇന്ന് കുറേ പേർ റോഡിലിറങ്ങി ഇത് ശരിയായ നടപടിയല്ല, കണ്ണൂർ മേയ് മൂന്ന് വരെ റെഡ് സോണിലായിരിക്കും, ജനം ഇത് മനസിലാക്കി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ ഒരുപ്രാവശ്യമെങ്കിലും പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു . ജാഗ്രത പാലിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടുപോകുമെന്ന് തിരിച്ചറിയണം . മാർച്ച് 10 നും 22 നുമിടയിൽ വിദേശത്ത് നിന്നും എത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ജില്ലയിൽ വിദേശത്ത് നിന്നെത്തിയ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിത്. ഹൈറിസ്ക് കാറ്റഗറിയിലുള്ളവർ 28 ദിവസം വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയായിരുന്നു. എന്നാൽ വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കണ്ണൂരിൽ പതിനെട്ട് കൊവിഡ് ഹോട്ട്‍സ്പോട്ടുകളാണുള്ളത്. കണ്ണൂർ കോർപ്പറേഷൻ,കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, ഇരിട്ടി നരസഭകൾ, പാട്യം, മൊകേരി, ചൊക്ളി, കോട്ടയം മലബാർ, ഏരുവേശ്ശി, കടന്നപ്പള്ളി പാണപ്പുഴ, മാട്ടൂൽ, മാടായി, നടുവിൽ, കോളയാട്, ചിറ്റാരിപ്പറമ്പ് ,പെരളശ്ശേരി എന്നീ പഞ്ചായത്തുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.