ലോകത്ത് കൊവിഡ് മരണം 102,607 ആയി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച്‌ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 102,607 ആയി. ഇതില്‍ 70,000ത്തോളം മരണം യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഇതോടെ നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രംഗത്തെത്തി. ലോകത്തെ ആകെ മരണത്തിന്റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയില്‍ 18,725 പേരും സ്പെയിനില്‍ 16,081പേരും ഫ്രാന്‍സില്‍ 13,197 പേരും കൊറോണ ബാധിച്ച്‌ മരിച്ചു.

ലോകത്താകമാനം കൊറോണ രോഗികളുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിലാണ് ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം രോ​ഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം ആളുകളാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും, മരണ നിരക്ക് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നത് നല്ല സൂചനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ ആണ് 24 മണിക്കൂറിനിടെ മരിച്ചത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കുന്നതിനെതിരെ രാജ്യങ്ങള്‍ക്ക് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് രണ്ടാമതും കൊറോണ പടരാന്‍ കാരണമാകും എന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗ വ്യാപനം കൂടുന്നതില്‍ ആശങ്കയുണ്ടെന്നും ലോകാരോ​ഗ്യ അറിയിച്ചു.

error: Content is protected !!