കൊവിഡ് 19: ഇ.എസ്​. ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തില്‍

ഇടുക്കി: കൂടുതല്‍പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിജില്ലയില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ മന്ത്രി എം.എം മണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇ.എസ്​. ബിജിമോള്‍ എം.എല്‍.എയെ വീട്ടുനിരീക്ഷണത്തിലാക്കി. ഏലപ്പാറയിലെ ഒരു യോഗത്തില്‍ എം.എല്‍.എ പങ്കെടുത്തിരുന്നു.

ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്നും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി.

പലചരക്ക് പച്ചക്കറികടകള്‍ രാവിലെ പതിനൊന്നുമുതല്‍ അഞ്ചുവരെ തുറക്കാം. ഇടുക്കിയിലും കൊവിഡ് പരിശോധനയ്ക്ക് വേണ്ട സംവിധാനം വേണമന്ന് ഉന്നതതല യോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇടുക്കിയിലുള്ളവരുടെ പരിശോധന കോട്ടയത്താണ് നടക്കുന്നത്. ഇതിനുവേണ്ടിവരുന്ന കാലതാമസം ഒഴിവാക്കാനാണ് ഇടുക്കിയില്‍ത്തന്നെ പരിശോധന നടത്തണമെന്ന് ആവശ്യമുയര്‍ന്നത്.

ഇടുക്കിയില്‍ ഇന്നലെ രാത്രിയോടെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകനും ആശ വര്‍ക്കറിനും വനിതാ ജനപ്രതിനിധിക്കുമുള്‍പ്പടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

error: Content is protected !!