പാലത്തായി പീഡനക്കേസ്: പ്രതി പിടിയില്‍

കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതി പിടിയില്‍. പ്രതി ബി.ജെ.പി നേതാവ്​ പത്മരാജനാണ്​ പിടിയിലായത്​. പാനൂര്‍ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്നാണ്​ ഇയാളെ പിടികൂടിയത്​. തലശേരി ഡി​.വൈ.എസ്​.പിയാണ്​ പ്രതിയെ പിടികൂടിയത്​.

പോക്സോ കേസെടുത്ത് ഒരു മാസം ആയിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്.

ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.

പ്രതി സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെതിരെ മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. കേരള പൊലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

error: Content is protected !!