മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ്: ഡിജിപിയോട് വിശദീകരണം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഡിജിപി എന്ന നിലയില്‍ കേസെടുപ്പിക്കാന്‍ സെന്‍കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാവാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താതായി അറിയാന്‍ കഴിഞ്ഞെന്നും അതേ കുറിച്ച്‌ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. എങ്ങനെയാണ് ഈ പരാതിയില്‍ കേസെടുത്തത് എന്നതിനെ കുറിച്ച്‌ സംശയമുണ്ട്. മുന്‍ ഡിജിപി എന്ന നിലയില്‍ കേസെടുപ്പിക്കാന്‍ സെന്‍കുമര്‍ തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം, പിണറായി പറഞ്ഞു. ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തന്നെ കേസ് അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു.

കഴിഞ്ഞ മാസം പ്രസ് ക്ലബില്‍ സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച കടവില്‍ റഷീദ് എന്ന മാധ്യമ പ്രവര്‍ത്തകനെതിരയേും പ്രസ് ക്ലബ് സംഭവത്തെ അപലപിച്ച്‌ പത്രപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ അഭിപ്രായം എഴുതിയ പിജി സുരേഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരെയും നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

error: Content is protected !!