കൊറോണ : കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 146 പേര്‍ ; ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റിപ്പോര്‍ട്ട് ചെയ്യണം

കണ്ണൂർ :  കൊറോണ വൈറസുമായി ബന്ധപ്പെട്ട് 146 പേരാണ് കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ട് പേര്‍ പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പരിയാരത്ത് നിരീക്ഷണത്തിലുള്ള രണ്ടുപേരുള്‍പ്പടെ നാലുപേരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഉടന്‍ ലഭിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ യോഗം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയിലെ ഹോട്ടലുകളും ഹോം സ്റ്റേ ഉള്‍പ്പടെയുള്ള ടുറിസ്റ്റു കേന്ദ്രങ്ങളും സന്ദര്‍ശകരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജനുവരി 15 ന് ശേഷം ചൈനയില്‍ നിന്നെത്തിയ മുഴുവന്‍ പേരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നതിനായി ആശുപത്രിയിലേക്കെത്തിക്കാന്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യേക ആംബുലന്‍സ് സംവിധാനം ലഭ്യമാണ്.
അന്താരാഷ്ട്ര വിമാനത്താവളത്തിലും പ്രത്യേക പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവന്‍ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു.

പരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികല്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവ പരിശോധന നടത്തണം. കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുമായി 04972 700194,713437 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. സമീപ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന യാതൊരു നീക്കവും അനുവദിക്കില്ല.  ജാഗ്രതയോടെ ബോധവല്‍ക്കരണത്തിലും മറ്റുമാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകളില്‍ കുട്ടികളുടെ ഭക്ഷണ ശാലകളിലുള്‍പ്പടെ അധ്യാപകര്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍  ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷാജി വിശദീകരിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഹാരിസ് റഷീദ്, ഡെപ്യൂട്ടി കലക്ടര്‍ വി വിശാലാക്ഷി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!