കൂടത്തായി: മാത്യു മഞ്ചാടിയില്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൊലപാതക പരമ്ബരയിലെ നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ വധക്കേസിലാണ് താമരശേരി മുന്‍സിഫ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജോളിയമ്മയെന്ന ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍ കൊലക്കേസിലും ഒന്നാംപ്രതി. 2016 പേജുള്ള കുറ്റപത്രത്തില്‍ 178 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2014 ഫെബ്രുവരി 24നാണ് മാത്യു മഞ്ചാടിയില്‍ മരിച്ചത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മാത്യു, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, റോയിയുടെ സ്വത്ത് ജോളിക്ക് നല്‍കുന്നതിനെയും മാത്യു എതിര്‍ത്തു. ഇതാണ് മാത്യുവിന്‍റെ കൊലപാതകത്തിന് വഴിവെച്ചത്. മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയാണ് ജോളി മാത്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മാത്യുവിന്‍റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയ ജോളി ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി പോയി. കുറച്ച്‌ കഴിഞ്ഞ് വീണ്ടും മാത്യുവിന്‍റെ വീട്ടിലെത്തി പ്രതി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ മാത്യു മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

error: Content is protected !!