കൂടത്തായി കൊലക്കേസ്: ടോംതോമസ് വധകേസിലെ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കെലപാതക പരമ്ബര ടോം ജോസ് വധ കേസിലെ കുറ്റ പത്രം സമര്‍പ്പിച്ചു. ഇതോടെ പരമ്പരയിലെ അഞ്ചാമത്തെ കേസിലെ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ജോളി ഭര്‍തൃപിതാവായ ടോംതോമസിന് ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്നാണ് കേസ്.

പൊന്നാമറ്റം ടോംതോമസിന് മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്ന കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ടോംതോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി ജോളി നിര്‍മ്മിച്ച വ്യാജ ഒസ്യത്തിന് നിയമപ്രാബല്യം നേടാനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കുറ്റപത്രം പറയുന്നു.

ഭക്ഷണം കഴിച്ചതിന് ശേഷം ഗുളിക കുടിച്ച ഉടനേയാണ് ടോംതോമസ് മരിച്ചത്. ഗുളിക നല്‍കുന്നതു കണ്ടുവെന്ന ജോളിയുടെ മൂത്തമകന്റെ മൊഴി കേസില്‍ നിര്‍ണായകമായി. 1069 പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് മജിസ്ട്രേറ്റുമാരടക്കം 175 സാക്ഷികളാണുള്ളത്. അന്വേഷണസംഘം കണ്ടെത്തിയ 173 തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചു.

വസ്തു സംബന്ധമായതും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ട തെളിവുകളും ഇക്കൂട്ടത്തിലുണ്ട്. ജോളി രണ്ട് തവണ വ്യാജ ഒസ്യത്തുണ്ടാക്കിയതായും അന്വേഷണസംഘം കണ്ടെത്തി. ഒസ്യത്തിലെ ഒപ്പുകള്‍ ഫോട്ടോസ്റ്റാറ്റാണെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു. ഇത്തരത്തില്‍ ഒപ്പുള്ള പേപ്പറില്‍ വീട്ടിലെ ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച്‌ ഒസ്യത്ത് ടൈപ്പ് ചെയ്ത് എടുക്കുകയായിരുന്നു.

ടോംതോമസ് കേസില്‍ കൂടി കുറ്റപത്രം സമര്‍പ്പിച്ചതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണം അവസാനഘട്ടത്തിലെത്തി.

error: Content is protected !!