കാട്ടാക്കട കൊലക്കേസ്: പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച്

കാട്ടാക്കട സംഗീത് കൊലപാതക കേസിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച്. റിപ്പോർട്ട് റൂറൽ എസ്.പിക്ക് കൈമാറി. സംഭവത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു.

കൊല്ലപ്പെടുന്ന ദിവസം രാത്രി 12.50 ന് സംഗീത് ബാലൻ കാട്ടാക്കട സ്റ്റേഷനിൽ വിളിച്ചിരുന്നതായി സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചു. എന്നാൽ പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടത് 1.30 ന് ശേഷമാണ്. 8 കിലോമീറ്റര്‍ മാത്രം ദുരമുണ്ടെന്നിരിക്കെ ഒരു മണിക്കൂർ കൊണ്ടാണ് സംഭവസ്ഥലമായ കാഞ്ഞിരവിളയിലെത്തിയത്. ജീപ്പ് ഉണ്ടായിരുന്നില്ലെന്ന പൊലീസ് വാദം വിശ്വസനീയമല്ലെന്നും റൂറൽ എസ്.പിക്ക് കൈമാറിയ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.’

അതേ സമയം സംഭവത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പിയും അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തി. വീഴ്ച്ച സംഭവിച്ചെന്ന് ഡി.വൈ.എസ്.പിയും കണ്ടെത്തിയാൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകും.

മണ്ണ് മാഫിയയെ തടഞ്ഞതിന് കഴിഞ്ഞാഴ്ച്ചയാണ് കാട്ടാക്കട സ്വദേശി സംഗീത് ബാലനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയത്. കേസിലെ എട്ടാം പ്രതിയായ ബൈജു ഇന്ന് രാവിലെ കീഴടങ്ങിയിരുന്നു.

error: Content is protected !!