അമിത് ഷായാണെന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണറെ ഫോണ്‍ ചെയ്തു: വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

ന്യൂഡല്‍ഹി: സുഹ‌ൃത്തിനെ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലറായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് വ്യാജ ഫോണ്‍ വിളിച്ച മുതിര്‍ന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

എയര്‍ ഫോഴ്സ് വിംഗ് കമ്മാന്‍ഡര്‍ കുല്‍ദീപ് ബാഗേലയെയും,​ സുഹൃത്ത് ചന്ദ്രശേഖര കുമാര്‍ ശുക്ലയെയുമാണ് മധ്യപ്രദേശിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്ത‌ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായും,​ അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റായും കാട്ടിയാണ് ബാഗേലയും,​ ശുക്ലയും വ്യാജഫോണ്‍ വിളിച്ചതെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അഡീഷണല്‍ ‌ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

കുല്‍ദീപ്, ചന്ദ്രേഷ് കുമാറിനെ ജബല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാല(എം.പി.എം.എസ്.യു)യുടെ വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ വ്യോമസേന ഹെഡ് ക്വാട്ടേഴ്സിലാണ് കുല്‍ദീപ് ജോലി ചെയ്യുന്നത്. നേരത്തെ, രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവര്‍ണറായിരുന്ന സമയത്ത് മൂന്നു വര്‍ഷത്തോളം കുല്‍ദീപ് അദ്ദേഹത്തിനൊപ്പം എ.ഡി.സിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു.

error: Content is protected !!