അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റില്‍

മുംബൈ : അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റില്‍. ഈസ്റ്റ് വെസ്റ്റ് എംഡിയായ തക്കിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ലകഡാവാല. പട്‌നയില്‍ നിന്നും മുംബൈ പൊലീസാണ് ലകഡാവാലയെ അറസ്റ്റ് ചെയ്തത്. മലയാളിയായ ഈസ്റ്റ് വെസ്റ്റ് എംഡി തക്കിയുദ്ധീനെ 1996 ലാണ് ലകഡാവാല കൊലപ്പെടുത്തുന്നത്.

ബുധനാഴ്ച രാവിലെ പത്തരയോടെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ കഴിയുകയായിരുന്നു ഇജാസ്​ ലക്​ദവാല.

കവര്‍ച്ച, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ 27 ​കേസുകള്‍ നിലവി​ലുണ്ടെന്ന്​ മുംബൈ ​പൊലീസ്​ അറിയിച്ചു. ജനുവരി 21 വരെ ലക്​ദാവാലയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഡിസംബര്‍ 28ന് ഇജാസ് ലക്ദാവാലയുടെ മകള്‍ സോണിയ ലക്ദാവാലയെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകളിലൂടെ ഉണ്ടാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സോണിയ അറസ്റ്റിലാകുന്നത്. ഇജാസിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി വ്യവസായിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത കേസിലായിരുന്നു സോണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലക്ദാവാലയുടെ മകള്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നും അയാളെക്കുറിച്ച്‌ മകള്‍ സോണിയ ഒരുപാട് വിവരങ്ങള്‍ പൊലീസിനോട് പങ്കുവച്ചിട്ടുണ്ടെന്നും ജോയിന്റ് പൊലീസ് കമ്മീഷണര്‍ സന്തോഷ് റസ്തോഗി പറഞ്ഞു. മകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലക്ദാവാല പട്നയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുകയും അയാളെ പിടികൂടുന്നതിന് പൊലീസ് വലവിരിക്കുകയുമായിരുന്നുവെന്നും സന്തോഷ് റസ്തോഗി വ്യക്തമാക്കി.

error: Content is protected !!