വാളയാര്‍ കേസ്: മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്ന് ഉപവാസ സമരം നടത്തും

വാളയാറിലെ ദലിത് സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്ന് പാലക്കാട് ഉപവാസ സമരം നടത്തും.

രാവിലെ ഒമ്പതുമണി മുതല്‍ ആറുമണി വരെയാണ് ഉപവാസം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. പെണ്‍കുട്ടികളുടെ വീട്ടില്‍ കെ സി വേണുഗോപാല്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാളയാറില്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ റിലേ സത്യഗ്രഹം തുടരുകയാണ്. നാളെ പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന് സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കുടുംബത്തിന് മു്ഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

error: Content is protected !!