യു.എ.പി.എ ചുമത്തി അറസ്റ്റ്: യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

മാവോയിറ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍റെയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. യു.എ.പി.എ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് മുഖ്യന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്. വിമര്‍ശനം നിരന്തരം ഉയര്‍ന്നിട്ടും അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. യുഎപിഎ ചുമത്തിയത് പുന:പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസിന് തിരിച്ചടിയാണ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

വെള്ളിയാഴ്ച രാത്രി പിടിയിലായ അലന്‍ ഷുഹൈബ് താഹാ ഫസല്‍ എന്നിവര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ച്‌ മാവോയിസ്റ്റ് ആശയ പ്രചരണം നടത്തി എന്നി കുറ്റങ്ങളാരോപിച്ച്‌ യുഎപിഎ 20,32,39 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നഗരത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കാട്ടിലുള്ള മാവോയിസ്റ്റുകളുടെ കണ്ണിയാണെന്ന് അന്വേഷണ സംഘം വാദിക്കുന്നു.

error: Content is protected !!