എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ശിവസേന: കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെ, ഇന്നു രാവിലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍സിപിയും കോണ്‍ഗ്രസ് നേതാക്കളുമായി അവസാനവട്ട ചര്‍ച്ചകളിലേക്ക് സേന കടന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നീ കാര്യങ്ങളില്‍ സമവായ ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് സൂചന.

എന്‍സിപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് സൂചന. എന്‍ഡിഎ വിട്ട ശേഷം മാത്രം സഖ്യ ചര്‍ച്ചകള്‍ എന്ന എന്‍സിപി നിലപാടിനു പിന്നാലെയാണ് അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. ഇതോടെ സഖ്യ ചര്‍ച്ചകള്‍ക്കുള്ള തടസം മാറി. കോണ്‍ഗ്രസ് പുറത്തു നിന്ന് പിന്തുണച്ചാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് അഹമ്മദ് പട്ടേല്‍, മധുസൂതന്‍ മിസ്ത്രി എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.

ശരത് പവാര്‍ ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടികാഴ്ച നടത്തും. അതിന് ശേഷമാകും സഖ്യ പ്രഖ്യാപനം. ഇന്ന് വൈകിട്ട് 7.30 വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ സേനക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരിക്കുന്നത്.

error: Content is protected !!