ലഘുലേഖകള്‍ കണ്ടെടുത്തതുകൊണ്ട് യു.എ.പി.എ ചുമത്താനാകില്ല: യുഎപിഎ സമിതി അധ്യക്ഷന്‍

കൊച്ചി: ലഘുലേഖകള്‍കണ്ടെടുത്തതുകൊണ്ട് മാത്രം യു.എ.പി.എ ചുമത്താനാകില്ലെന്ന് യു.എ.പി.എ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍. തെളിവുണ്ടെങ്കില്‍ മാത്രമേ യു.എ.പി.എ നിലനില്‍ക്കൂ. നിരവധി കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ സമിതി, യു.എ.പി.എക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്നും റിട്ട. ജസ്റ്റിസ് ഗോപിനാഥന്‍ പറഞ്ഞു.

മാവോവാദിബന്ധം തെളിയിക്കുന്നതിന് പര്യാപ്തമായ ളെിവുണ്ടെങ്കില്‍ മാത്രമേ യു.എ.പി.എ നിലനില്‍ക്കുകയുള്ളു. ഈ അടുത്ത കാലത്ത് യു.എ.പി.എ ചുമത്തപ്പെട്ട 13 കേസുകള്‍ സമിതി മുമ്ബാകെ വന്നിരുന്നു. ഇതില്‍ ഒമ്ബത് കേസുകള്‍ക്ക് വിചാരണാ അനുമതി നിഷേധിച്ചതായും ജസ്റ്റിസ് ഗോപിനാഥന്‍ വ്യക്തമാക്കി. ഈ കേസുകളില്‍ വ്യക്തമായ തെളിവുകളുണ്ടായിരുന്നില്ലാ എന്നതാണ് ഇതിനു കാരണം. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഈ കേസുകളില്‍ യു.എ.പി.എ ചുമത്തപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് പന്തീരങ്കാവില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇവരില്‍നിന്ന് മാവോവാദി ലഘുലേഖകള്‍ കണ്ടെടുത്തായി പോലീസ് പറഞ്ഞിരുന്നു. യു.എ.പി.എ ചുമത്തുന്ന കേസുകള്‍ക്ക് സര്‍ക്കാരിന്റെയും വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെയും അനുമതി വേണമെന്നാണ് വ്യവസ്ഥ.

error: Content is protected !!