ശബരിമല വിധി വരാനിക്കെ ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ബെഹ്‌റ അവധിയെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത്.

ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ ചൊവ്വാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സന്റഫ്രാന്‍സിസ്‌കോയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അവധിയില്‍ പോകുന്നത്. ഷേഖ് ദര്‍വേസ് സാഹിബിനു തന്നെയാണ് പകരം ചുമതല.

ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രാഹം വരുന്ന ഞായറാഴ്ച വരെ അവധിയിലാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജിക്കാണ് പകരം ചുമതല. ഔദ്യോഗിക പരിപാടില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ പോകാനാണ് മനോജ് എബ്രഹാം അവധിയില്‍ പ്രവേശിച്ചിരിക്കുന്നതെങ്കിലും അവധി അപേക്ഷയില്‍ കാഷ്വല്‍ ലീവാണ് കാണിച്ചിരിക്കുന്നത്.

ശബരിമല പുനപരിശോധ ഹര്‍ജികളില്‍ ഈയാഴ്ച വിധി വരാനിരിക്കെയാണ് മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭാവം എന്നത് ഏറെ ശ്രദ്ധേയമാണ്.

error: Content is protected !!