ദേശീയ പുരസ്‌കാര നിറവില്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം

ആരോഗ്യ രംഗത്ത് മികവ് പുലര്‍ത്തുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് പുരസ്‌കാര നിറവില്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം. ഒ പി വിഭാഗം, ഭരണ നിര്‍വഹണം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി എന്നീ നാലു വിഭാഗങ്ങളായി മുന്നൂറോളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാര നിര്‍ണയം. 93 ശതമാനം മാര്‍ക്കാണ് പരിശോധനയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്.

സായാഹന ഒ പിയടക്കം മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ പാലിയേറ്റീവ് ക്ലിനിക്, വയോജന ക്ലിനിക്, കൗമാരാരോഗ്യ ക്ലിനിക്, ശ്വാസ് ക്ലിനിക്, ജീവിതശൈലി രോഗ നിര്‍ണയ ക്ലിനിക്, വിഷാദ രോഗ നിര്‍ണയ ക്ലിനിക്, കാഴ്ച പരിശോധന സംവിധാനം, ലബോറട്ടറി എന്നീ സേവനങ്ങളും ലഭ്യമാണ്. ദിവസേന സമീപ പഞ്ചായത്തുകളില്‍ നിന്നുള്‍പ്പെടെ മുന്നൂറോളം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായെത്തുന്നത്. കൂടാതെ ആശുപത്രിയില്‍ ഇ- ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നുമുണ്ട്. ദന്തല്‍ ഒ പി കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് തില്ലങ്കേരി പഞ്ചായത്ത്.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 2019 ഫെബ്രുവരിയിലാണ് ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും വിഹിതമായ 35 ലക്ഷം രൂപയും വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ലഭിച്ച 20 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, നാട്ടുകാര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവും സംഭാവനകളുമാണ് പുരസ്‌കാരത്തിലേക്കെത്താന്‍ കാരണമായതെന്ന് തില്ലങ്കേരി ഗ്രാമപഞ്ചായക്ക് പ്രസിഡണ്ട് പി പി സുഭാഷ് പറഞ്ഞു.

ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് നേരത്തെ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ അവസ്ഥയില്‍ നിന്നാണ് ദേശീയ അംഗീകാരത്തിലേക്ക് തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം എത്തിനില്‍ക്കുന്നത്. ഏറെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തില്‍ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.

തില്ലങ്കേരിക്കൊപ്പം കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും കൂവോട് അര്‍ബന്‍ പി എച്ച് സിക്കും അവാര്‍ഡ് ലഭിച്ചു. ഇതോടെ 12 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുരസ്‌ക്കാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കണ്ണൂര്‍ മാറി. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍.

error: Content is protected !!