മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: ഇന്ന് ഗവര്‍ണറെ കാണും

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കാണും. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന ദിവസം തന്നെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം. ശിവസേനയുമായി കൂട്ട് വേണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പവാറും അംഗീകരിച്ചിരുന്നു. പ്രതിപക്ഷത്തിരിക്കാന്‍ ജനങ്ങള്‍ നല്‍കിയ വിധി അംഗീകരിക്കുകയാണെന്ന് പവാര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു.

ആര്‍എസ്‌എസിന്റെ നിര്‍ദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ബിജെപി നിയമിച്ചിരുന്നു.അതേസമയം മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് ശിവസേന.

നാളെ കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിനാല്‍ ഇന്ന് തന്നെ സേനയുമായി ധാരണയിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. ആ ആത്മവിശ്വാസത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്‍റെ നേതൃത്വത്തില്‍ ഗവര്‍ണറെ കാണുന്നത്. നാളെ തന്നെ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് സൂചന.

ശിവസേനയുമായി 24 മണിക്കൂറും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷെ ഫഡ്‌നാവിസിന് കീഴില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് ബി.ജെ.പി വിഷയത്തില്‍ അവസാനമായി പ്രതികരിച്ചത്.

error: Content is protected !!