ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം: രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്തിയ സുപ്രീംകോടതി വായുമലിനീകരണം കുറയ്ക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ലെന്നും കോടതി നിരീക്ഷിച്ചു.

വായുമലിനീകരണം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളെ മരണത്തിലേക്ക് തളളിവിടാനാണോ ശ്രമിക്കുന്നതെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും ദീപക് ഗുപ്തയും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് ചോദിച്ചു.

വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോവും വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്? സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല- ബെഞ്ച് അംഗം ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിളയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, മറ്റ് അവകാശവാദം ഉന്നയിക്കാനും പാടില്ലെന്നും കോടതി പറഞ്ഞു. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം. ഇത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവന്‍ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.

error: Content is protected !!