പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രവീണ്‍ കീഴടങ്ങി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ച്‌ നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ പ്രവീണ്‍ കീഴടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിത്തിനും രണ്ടാം റാങ്കുകാരനായ പ്രണവിനും 28 ാം റാങ്കുകാരനായ നസീമിനും വേണ്ടി ചോദ്യം ചോര്‍ത്തി നല്‍കിയത് പ്രവീണാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഫോണുമായി കണക്‌ട് ചെയ്ത സ്മാര്‍ട് വാച്ചിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നു ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. പ്രവീണിനെ വിശദമായി ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റതിനെത്തുടര്‍ന്നാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങളും പുറത്തുവന്നത്. കുത്തുകേസിലെ പ്രതികള്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതായി വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പിഎസ്‌സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

പരീക്ഷാ സമയത്ത് പ്രതികളുടെ ഫോണിലേക്ക് തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നിരുന്നതായി വിജിലന്‍സ് കണ്ടെത്തി. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പൊലീസുകാരനായ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ ഫോണിലൂടെ കൈമാറിയതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി.

error: Content is protected !!