സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍റേര്‍ഡ് അംഗീകാരം

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്‌.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്‌.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വ്വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം എന്നീ എട്ടു വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യു എ എസ് അംഗീകാരം നല്‍കുന്നത്.

സംസ്ഥാനത്ത്‌ ആരോഗ്യ മേഖലയില്‍ ചെയ്യുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് തുടര്‍ച്ചയായുള്ള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍ ക്യു എ എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായാണ്‌ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ അംഗീകാരം ലഭിച്ച പിഎച്ച്‌സി കള്‍ക്ക് രണ്ട്‌ ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും.

കേരളത്തിലെ 55 ആശുപത്രികളാണ്‌ ഇതുവരെ എന്‍ ക്യു എ എസ് അംഗീകാരം നേടിയത്‌. 10 ആശുപത്രികള്‍ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഇതോടെ രാജ്യത്തെ മികച്ച പി എച്ച്‌സി ഗണത്തില്‍ ആദ്യ 12 സ്ഥാനവും കേരളം കരസ്ഥമാക്കി. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99ശതമാനം സ്‌കോറോടെ ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്കോര്‍ നേടി. ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഒന്നാമതെത്തി. സബ്ജില്ലാ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഒന്നാമതെത്തി. 12 സ്ഥാപനങ്ങള്‍ക്ക് എന്‍ക്യൂഎഎസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് ഈ അംഗീകാരം നേടിയെടുക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി.

error: Content is protected !!