ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച പാര്‍ട്ടി കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

കോണ്‍ഗ്രസുമായി ഒത്തു പോകാനുള്ള താത്പര്യത്തിന്‍റെ ഭാഗമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താന്‍ ഇരിക്കുകയാണ്. എന്നാല്‍ ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയുമായും ശിവസേനയുമായുള്ള ബന്ധം കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ഒരു കാലത്തും ബന്ധം ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി പുനഃസംഘടനയെക്കുറിച്ചും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് കെ.പി.സി.സി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജംബോ പട്ടിക എന്ന ആക്ഷേപം ശരിയല്ല. ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് ആരാണ് പറഞ്ഞത്. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. സോണിയ ഗാന്ധിയുടെ പരിഗണക്ക് പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പട്ടികയില്‍ കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, വി.ഡി സതീശന്‍, തമ്ബാനൂര്‍ രവി എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

ട്രഷറര്‍ സ്ഥാനത്തേക്ക് സി.പി മുഹമ്മദ്, കെ.കെ കൊച്ചുമുഹമ്മദ്, കെ.പി അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവരിലൊരാളെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കും.

error: Content is protected !!