കുട്ടികളിലെ ആത്മഹത്യാ പ്രവണത : “ജീവനാണ് വലിച്ചെറിയരുത്” ക്യാമ്പയിന്‍ പഞ്ചായത്ത് തലങ്ങളിലേക്ക്

കണ്ണൂർ : കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജീവനാണ് വലിച്ചെറിയരുത് ക്യാമ്പയിന്‍ പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനം. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലങ്ങളില്‍ ശക്തമാക്കണമെന്ന് ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍ദേശം നല്‍കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ സ്‌കൂളുകളില്‍ ശക്തമായി ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും കൗണ്‍സിലര്‍മാരുടെ സഹായത്തോടെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്, ജീവന്‍ വലിച്ചെറിയാനുള്ളതല്ല എന്ന സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഫിറ്റ് കണ്ണൂര്‍ പദ്ധതിക്കാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അനുവാദം നല്‍കാന്‍ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു.

ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ,  അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌ക്കരന്‍, പി ഗൗരി, പി ജാനകി, കെ വി ഗോവിന്ദന്‍, എം സുകുമാരന്‍, ഡി എം ഒ ഡോ. നാരായണ നായിക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!